Movies
ആഭ്യന്തരകലഹം രൂക്ഷമാകുന്നതിനിടെ താരസംഘടനയായ അമ്മയുടെ കത്തിന് മറുപടി നൽകി മുൻ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ.
തന്റെ പരാതി കേൾക്കാൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാല പാര്‍വതി എന്നിവർ ഉൾപ്പെടുന്ന നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അൻസിബയുടെ ആവശ്യം.
ഇവരിൽ ആരെങ്കിലും ലഭ്യമാകാതിരിക്കുകയോ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയോ ചെയ്താൽ തന്നോട് കൂടി ആലോചിച്ച ശേഷം മറ്റ് ബദൽ അംഗങ്ങളെ തീരുമാനിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഹിയറിംഗ് നടപടികൾ പൂർണമായും റിക്കാർഡ് ചെയ്യണമെന്നും ഈ റിക്കാർഡുകൾ അമ്മയുടെ ഔദ്യോഗിക രേഖകളിൽ സൂക്ഷിക്കേണ്ടതും, അതിന്റെ പകർപ്പുകൾ തനിക്കും ഈ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന എതിർകക്ഷികൾക്കും നൽകണമെന്നും അൻസിബ ആവശ്യപ്പെട്ടു.
തന്റെ ആരോപണങ്ങളും പരാതികളും അമ്മയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഒരു എക്സിക്യൂട്ടീവ് അംഗം എന്നിവർക്കെതിരെ ആയതിനാൽ വിഷയം നിഷ്പക്ഷമായി കേൾക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും പാനലിന് മുന്നിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകേണ്ടത് അത്യാവശ്യമാണ്.
അതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ കൂട്ടായും നിഷ്പക്ഷമായും കേൾക്കുന്നതിനായി ഒരു സ്വതന്ത്ര പാനൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്. അൻസിബ കത്തിൽ പറയുന്നു.
അമ്മ എക്സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള തന്റെ പരാതിയിൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്താവുന്ന ആരോപണങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും മറ്റ് അസോസിയേഷൻ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും മുന്നിൽ വച്ച് അദ്ദേഹം പരസ്യമായി അപമാനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിനാൽ, കുറ്റാരോപിതനെതിരെ നിയമനടപടികൾ ആരംഭിക്കാനും പോലീസ് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വൈസ് പ്രസിഡന്റ് അമ്മയുടെ പ്രസിഡന്റുമായും തൃപ്പൂണിത്തുറ വനിതാ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രേഷ്മയുമായും ചേർന്ന് ഗൂഢാലോചന നടത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട്, തന്റെ മൗലികാവകാശങ്ങൾ ഗുരുതരമായി ലംഘിക്കപ്പെട്ടതിനാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവര്‍ക്ക് പരാതികൾ സമർപ്പിച്ചിട്ടുണ്ട്.
തെറ്റായതും മനഃപൂർവം കെട്ടിച്ചമച്ചതുമായ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് മണിക്കൂറിലധികം പോലീസ് സ്റ്റേഷനിൽ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും അനാവശ്യമായ ചോദ്യം ചെയ്യലിനും പീഡനത്തിനും മാനസിക വിഷമങ്ങൾക്കും ഇരയാക്കുകയും ചെയ്തുവെന്നും കത്തിൽ പറയുന്നു.
അതേസമയം അമ്മയിലെ നാലു പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം. ജൂൺ 21 നാണ് അമ്മയുടെ ജനറൽ ബോഡി യോഗം ചേരുന്നത്.
Movies
സിനിമകളും സ്റ്റേജ് ഷോകളും നിര്‍ത്തി ഇനിയുള്ള അഞ്ചു വര്‍ഷക്കാലത്തേക്ക് പാലക്കാടിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുമെന്ന രമേഷ് പിഷാരടിയുടെ പ്രസ്താവനയ്ക്കെതിരെ ധര്മജന് ബോള്‍ഗാട്ടി.
അത് തെറ്റായ തീരുമാനമാണെന്നും പ്രസ്താവന തിരുത്തണമെന്നുമാണ് ധര്മജന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം പിഷാരടി വിളിച്ചപ്പോള്‍ പറഞ്ഞുവെന്നും ധര്മജന് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
അഞ്ചു വര്‍ഷത്തേക്ക് സിനിമ ചെയ്യുന്നില്ല എന്നത് ഒരു തെറ്റായ തീരുമാനമാണ്. സിനിമകള്‍ അധികമില്ലെങ്കിലും ഒരു സ്റ്റേജ് ഷോകള്‍ ഒരുപാടുണ്ട്. മാസത്തില്‍ അഞ്ചു ഷോകള്‍ എങ്കിലും പിഷാരടി ചെയ്യണം. കുടുംബവും സുഹൃത്തുക്കളുമായി അദ്ദേഹത്തെ ആശ്രയിച്ച് കഴിയുന്നവര്‍ ഒരുപാടുണ്ട്. മിമിക്രിയില്‍ വരണം, നാദര്ഷിക്കയുടെ കാസറ്റില്‍ വരണം, ടിവിയില്‍ വരണം, സിനിമയില്‍ വരണം എന്നൊക്കെ ആഗ്രഹിച്ച ഒരു കാലമുണ്ട്.
പെട്ടെന്ന് ഞാന്‍ ഇനി സിനിമയിലില്ല, സ്റ്റേജ് ഷോയിലില്ല എന്നൊക്കെ പറയുന്നത് തെറ്റായ തീരുമാനമാണ്. കുറച്ച് നേരം മുമ്പ് ഫോണില്‍ സംസാരിച്ചപ്പോള്‍ ആ തീരുമാനം മാറ്റുന്നത് നന്നായിരിക്കും എന്ന് ഞാന്‍ പറഞ്ഞു.
എന്നെ കുറേ സുഹൃത്തുക്കള്‍ വിളിപ്പോള്‍ ചോദിച്ചു, എന്തിനാ അങ്ങനെയൊരു തീരുമാനം പറഞ്ഞതെന്ന്. ജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അദ്ദേഹത്തിന് അത് പറയാം. അത് അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സ് ആയിരുന്നു.
പക്ഷെ പിഷാരടി അങ്ങനെ പറയേണ്ട ആവശ്യമില്ല. പിഷാരടി വന്നത് കലാകാരന് ആകാനും കലയിലൂടെ ശ്രദ്ധിക്കപ്പെടാനും വേണ്ടിയാണ്. അതിനാല്‍ അതൊരിക്കലും ഉപേക്ഷിക്കാന്‍ പാടില്ല. കുറച്ചു നാള് പാലക്കാട് പോയി നിന്ന് സെറ്റ് ആയി കഴിഞ്ഞാല്‍ ആ തീരുമാനം മാറ്റാന്‍ ഞങ്ങള്‍ എല്ലാവരും നിര്‍ബന്ധിക്കും. ഞാന്‍ മാത്രമല്ല, ഞങ്ങള്‍ മിമിക്രി സമൂഹവും സിനിമയിലുള്ള അവന്റെ അടുത്ത സുഹൃത്തുക്കള്‍ എല്ലാവരും പറയും ആ തീരുമാനം മാറ്റണമെന്ന്.
ഇന്നസെന്റ് ചേട്ടനും മുകേഷ് ചേട്ടനും ഗണേഷ് ചേട്ടനും ഒക്കെ എംപിയും മന്ത്രിയും എംഎല്എയുമായിരുന്നിട്ടും അവര്‍ കലാപ്രസ്ഥാനങ്ങളില്‍ നിന്നും മാറി നിന്നിട്ടില്ലല്ലോ എന്ന് ധര്മജന് പറഞ്ഞു.
അതേസമയം, ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒന്നുമല്ല പിഷാരടിയുടെ വിജയത്തിന് കാരണമായതെന്നും ധര്മജന് പ്രതികരിച്ചു. പിഷാരടിയുടെ വ്യക്തി പ്രഭാവം, അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഒക്കെയാണ് വിജയത്തിന് കാരണമായത്.
അല്ലതെ പിഷാരടിയെ സ്ത്രീകള്‍ തടഞ്ഞതോ ശോഭ സുരേന്ദ്രന് പണം കൊടുത്തു വോട്ട് വാങ്ങി എന്ന വിവാദങ്ങളോ അല്ല വിജയത്തിന് കാരണമായത്. യുഡിഎഫിന് അനുകൂല സാധ്യതയുള്ള വിഐപി മണ്ഡലമാണ് പാലക്കാട്. വിവാദങ്ങള്‍ ഒക്കെ സെക്കന്‍ഡറിയാണ്. വിവാദങ്ങള്‍ പിഷാരടിക്ക് കുറച്ചു വോട്ടുകള്‍ കൂടി കിട്ടിയിട്ടുണ്ടാകാം. അത് ഇല്ലായിരുന്നെങ്കിലും പിഷാരടി വിജയിക്കുമായിരുന്നുവെന്നും ധര്മജന് കൂട്ടിച്ചേര്‍ത്തു.
Kerala
കൊച്ചി: പാലക്കാട് വോട്ട് പിടിക്കാനായി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് പണവും സാരിയും കൊടുക്കുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നുവെന്നും നിയമപരമായി പരാതി നല്‍കിയിട്ടുണ്ടെന്നും രമേഷ് പിഷാരടി. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി രമേശ് പിഷാരടി തൃപ്പൂണിത്തുറ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളിലെ 96-ാം നമ്പര്‍ ബൂത്തിലാണ് കെ. ബാബു എംഎല്‍എക്കൊപ്പം വോട്ട് ചെയ്തത്.
പാലക്കാട് യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്ന് രമേശ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ തന്നെ തിരിച്ച് പാലക്കാട് മണ്ഡലത്തിലേക്ക് പോവുകയാണ്. യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നത്. പാലക്കാട് പുലര്‍ച്ചെ നാലു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നു വരെ എല്ലാ ദിവസവും വോട്ടര്‍മാരെ കണ്ടിട്ടുണ്ട്. മറ്റു സ്ഥാനാര്‍ഥികളെ നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ ആക്രമിച്ചിട്ടില്ല. പരമാവധി ജനങ്ങളെ കണ്ടു. അതിന്റെ ഗുണം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാന്‍ ചെന്ന ദിവസം മുതല്‍ ആദ്യം ദുര്‍ബലനായ സ്ഥാനാര്‍ഥി എന്നായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. പിന്നെ രാഷ്ട്രീയമില്ല എന്ന് പറഞ്ഞു. വോട്ട് ചെയ്യാന്‍ അവകാശമുള്ള, രാഷ്ട്രീയക്കാരെ തെരഞ്ഞെടുക്കുന്നവരാണ് ഏറ്റവും വലിയ രാഷ്ട്രീയക്കാര്‍. ഞാന്‍ രാഷ്ട്രീയക്കാരനല്ലെന്ന് പറഞ്ഞു പരത്തി. ഞാന്‍ പറഞ്ഞതും പറയാത്തതുമായ ഓരോ കാര്യങ്ങളും ഓരോ ചാനലിന്റെ എംബ്ലം വച്ച് പ്രചരിപ്പിച്ചു.
പണം കൊടുക്കുന്നുണ്ട്, സാരി കൊടുക്കുന്നുണ്ട് എന്ന് പ്രവര്‍ത്തകരില്‍ പലരും എന്നെ അറിയിച്ചിരുന്നു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. തെരഞ്ഞെടുപ്പ് കണ്‍വീനര്‍മാരായ മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് നിയമപരമായി പരാതി നല്‍കിയിരുന്നു. ഇന്നലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഏറ്റവും ജനാധിപത്യ വിരുദ്ധമായ കാര്യമാണ് ഉണ്ടായത്. എന്റെ പോസ്റ്ററുകളും ഫ്ളക്സുകളും ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചുവെന്ന വാര്‍ത്തയാണ് ഇന്ന് രാവിലെ പാലക്കാട് നിന്നും അറിഞ്ഞത്.
ഞാന്‍ നടക്കുന്ന വീഡിയോ എടുത്ത് ഫ്ളിപ്പ് ചെയ്ത് ഇടത്തേക്ക് മുണ്ടുടുത്ത നടക്കുന്ന മതേതരന്‍ എന്ന് പ്രചരിപ്പിച്ചു. എന്റെ വായില്‍ നിന്നും നിയമവിരുദ്ധമായ കാര്യം വരരുത് എന്നതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. നിഴലാണെന്ന് പറയേണ്ട ആവശ്യമില്ല. സ്വാഭാവിക യുക്തിയില്‍ എല്ലാവരും കണ്ട കാര്യമാണിത്. വലിയ ജനാധിപത്യവിരുദ്ധമാണ് നടന്നത്'- രമേഷ് പിഷാരടി പറഞ്ഞു.
Movies
ബൈപാസ് സർജറി ചെയ്യാനായി സൗകര്യങ്ങൾ ചെയ്ത കൊടുത്ത രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് മിമിക്രി താരം കണ്ണൻ സാഗർ. മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’യും തനിക്ക് വേണ്ട സഹായങ്ങൾ ചെയ്തു തന്നെന്ന് കണ്ണൻ സാഗർ പറഞ്ഞു.
‘ഞാനിപ്പോൾ ആലുവയിലെ രാജഗിരി ആശുപത്രിയിൽ അഡ്മിറ്റാണ്. എനിക്കൊരു ബൈപാസ് സര്‍ജറി ആവശ്യമായി വന്നിരിക്കുകയാണ്. ആറാം തീയതിയാണ് ശസ്ത്രക്രിയയുടെ ഡേറ്റ് പറഞ്ഞിരിക്കുന്നത്. അതുപ്രകാരം അഡ്മിറ്റായിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ എന്റെ അസുഖത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. അതുകേട്ട് എന്ന സഹായിക്കാന്‍ എന്റെ പ്രിയപ്പെട്ട സംഘടന ‘മാ’യിലെ ഏറ്റവും പ്രിയപ്പെട്ട സഹോദരങ്ങള്‍ അകമഴിഞ്ഞു സഹായിക്കാൻ ഓടിയെത്തി. അവരുടെയെല്ലാ അനുഗ്രഹവും എന്നോടൊപ്പമുണ്ട്.
കെ.എസ്. പ്രസാദ് ചേട്ടനും നിരന്തരം വിളിക്കുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ഈ സര്‍ജറിക്ക് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കി തന്നത് എന്റെ പ്രിയപ്പെട്ട, സഹോദരനായ രമേഷ് പിഷാരടിയാണ്. അദ്ദേഹം നല്ല തിരക്കിലാണ്, എങ്കിലും എന്റെ മെസജ് കാണുകയും എന്നെ സഹായിക്കാൻ മുന്നോട്ടുവരികയും ചെയ്തു.
സ്നേഹം കൊണ്ടും സാമ്പത്തികം കൊണ്ടും അന്വേഷണം കൊണ്ടും എന്നെ ഒരുപാട് സ്നേഹിക്കുന്ന പ്രിയപ്പെട്ട സഹോദരീ സഹോദരങ്ങളോട് പറഞ്ഞാല്‍ തീരാത്തത്രയും നന്ദിയും കടപ്പാടുണ്ടെനിക്ക്.’ കണ്ണൻ സാഗറിന്റെ വാക്കുകൾ.
ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്നാണ് കണ്ണൻ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്.
Kerala
പാലക്കാട്: മഹിളാ മോര്‍ച്ചയുടെ പരാതിയിൽ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി. എന്തിനാണ് പരാതി നൽകിയതെന്ന് എല്ലാവർക്കും അറിയാമെന്നും തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബിജെപി സ്ഥാനാർത്ഥി ഗിമ്മിക്കുകൾ കാണിക്കുകയാണെന്നും രമേഷ് പിഷാരടി പറഞ്ഞു.
താൻ എന്ത് സ്ത്രീ വിരുദ്ധ പ്രസ്താവനയാണ് നടത്തിയതെന്നും രമേഷ് പിഷാരടി ചോദിച്ചു. വിവാദ രാഷ്ട്രീയം മടുത്തു എന്നാണ് എൻഡിഎയുടെ ബോർഡിൽ എഴുതി വച്ചിരിക്കുന്നത്. എന്നാൽ, വിവാദങ്ങൾ മാത്രമാണ് എൻഡിഎ ഉണ്ടാക്കുന്നത്. തനിക്ക് ജനങ്ങളോട് നിരവധി കാര്യങ്ങൾ പറയാൻ ഉണ്ടെന്നും എന്നാൽ, ബിജെപിക്ക് വിവാദങ്ങൾ മാത്രമാണ് താൽപര്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.
പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി.
പിഷാരടിയെ വടക്കുന്തറയിൽ തടഞ്ഞതിൽ കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു. ബിജെപി വനിത കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ നടപടികളെല്ലാം പുരോഗമിക്കുന്നതിനിടെയാണ് മഹിള മോര്‍ച്ച പിഷാരടിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് പിഷാരടി നടത്തിയതെന്നാണ് മഹിള മോര്‍ച്ചയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. രഞ്ജിത്തിന്റെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ല, എന്നൊരു പരാമര്‍ശം പിഷാരടി നടത്തിയെന്നും ഇത് സ്ത്രീവിരുദ്ധമാണെന്നുമാണ് മഹിളാ മോര്‍ച്ചയുടെ വാദം.
Kerala
പാലക്കാട്: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ മഹിളാമോർച്ച പോലീസിൽ പരാതി നൽകി. മഹിളാമോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് രമേഷ് പിഷാരടി നടത്തിയ പരാമർശമാണ് പരാതിക്ക് കാരണം. മാധ്യമപ്രവർത്തകരെ കാണുമ്പോഴായിരുന്നു രമേഷ് പിഷാരടിയുടെ പരാമർശമുണ്ടായത്.
രാഹുൽ ചെയ്ത കാര്യങ്ങൾ വ്യക്തിപരമെന്നും അതിനെ ചൂഴ്ന്ന് നോക്കാനാകില്ലല്ലോ എന്നുമാണ് രമേഷ് പിഷാരടി പറഞ്ഞത്. പീഡനങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്നും പരാതിയിൽ പറയുന്നു.
Kerala
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പാലക്കാട് വെച്ച് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ മൊഴി രേഖപ്പെടുത്താൻ പോലീസ്. രമേഷ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ പാലക്കാട് മുൻസിപ്പാലിറ്റിയിലെ ബിജെപി കൗൺസിലർ സിന്ധു രാജൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പ്രതികൾക്കെതിരായ നടപടിക്ക് മുമ്പായാണ് ടൗൺ നോർത്ത് പോലീസ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഉടൻ നോട്ടീസ് നൽകി വിളിച്ച് വരുത്തും.
കഴിഞ്ഞദിവസം പാലക്കാട് വടക്കന്തറയിൽ വെച്ചാണ് രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്. സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ പിഷാരടിയെ വോട്ട് ചോദിച്ച് വീടുകളിൽ കയറാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിജെപി പ്രവർത്തകർ തടഞ്ഞത്.
പാലക്കാട് വടക്കന്തറയിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകരുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. അന്യായമായി തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ബിജെപി കൗൺസിലർ സിന്ധു രാജനെതിരെ ചുമത്തിയിരിക്കുന്നത്.
Kerala
പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഇന്ന് രാവിലെ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും.
അതേസമയം സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനാണ് സ്ത്രീകൾ പിഷാരടിയെ തടഞ്ഞതെന്നാണ് ബിജെപിയുടെ വിശദീകരണം. രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ റസാഖും രംഗത്തെത്തി.
പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്റെ സംസ്കാരത്തിന് ചേർന്നതല്ല. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും റസാഖ് വ്യക്തമാക്കി.
Kerala
പാലക്കാട്: കോൺഗ്രസ് വാർഡ് കൗൺസിലർ പ്രശോഭ് സി. വത്സനെതിരായ ലൈംഗിക പീഡന പരാതി ഉയർന്നതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. എല്ലാ നിയമനടപടികളൂം പോലീസ് സ്വീകരിക്കട്ടെയെന്നും ഒരു തരത്തിലുള്ള സംരക്ഷണവും പാർട്ടി ഒരുക്കില്ലെന്നും നിയമ നടപടിക്ക് ഒരു തടസവും സൃഷ്ടിക്കില്ലെന്നും ഷാഫി വ്യക്തമാക്കി.
ഓരോരുത്തരുടെയും വ്യക്തി ജീവിതത്തിൽ ഉണ്ടാവുന്നത് ചൂഴ്ന്ന് നോക്കാനാവില്ല. പാർട്ടി നടപടി എടുത്തിട്ടുണ്ട്. തെരെഞ്ഞെടുപ്പിൽ യുഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ല അതെന്നും പാലക്കാട് രമേഷ് പിഷാരടി ജയിച്ച് നിയമസഭയിൽ എത്തുമെന്നും ഷാഫി കൂട്ടിച്ചേർത്തു.
അതേസമയം, എല്ലാവരുമായി സിപിഎമ്മിന് ഡീൽ നടത്തേണ്ടി വരുന്നത് ജനങ്ങളുമായി ഡീൽ ഇല്ലാത്തത് കൊണ്ടെന്നും ഷാഫി പറമ്പിൽ വിമര്‍ശിച്ചു. ജനങ്ങൾ യുഡിഎഫിന് ഒപ്പം ഉള്ളതു കൊണ്ടാണ് ബിജെപിയുമായും എസ്ഡിപിഐയും ആയി സിപിഎം ഡീൽ നടത്തുന്നതെന്നും ഷാഫി ആരോപിച്ചു.
Kerala
പാലക്കാട്: രമേഷ് പിഷാരടിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പിണറായി ക്യാബിനറ്റിലും സിപിഎം പാർട്ടിയിലും മുഴു സംഘികളാണുള്ളത്. അതുകൊണ്ടാണ് പിഷാരടിയെ അരസംഘി ആക്കാൻ നോക്കുന്നത്.
പിഷാരടിയെ പാലക്കാട്ടെ ജനങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. യുഡിഎഫ് സ്ഥാനാർഥി തങ്ങൾക്ക് ഭീഷണിയാണെന്ന് സിപിഎം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതാണ് പിഷാരടിയെ കോമാളി ആക്കാൻ ശ്രമിക്കുന്നത്. പരാജയ ഭീതികൊണ്ടാണ് ഇത്തരം വ്യക്തിഹത്യകൾ നടത്തുന്നതെന്നും ഷാഫി പറമ്പിൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിപിഎം - ബിജെപി ഡീൽ ഇടത് പ്രവർത്തകർ പൊളിക്കും. യുഡിഎഫിന് ഡീലുള്ളത് ജനങ്ങളുമായിട്ടാണ്. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചു വരും. വടകര മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കും. സിപിഎം വിട്ട് യുഡിഎഫിൽ എത്തുന്നവരെയാണ് പിണറായി ആക്ഷേപിക്കുന്നത്.
എന്നാൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നവരെ ആക്ഷേപിക്കുന്നില്ല. ഇതു തന്നെ ഡീലിന്റെ ഉദാഹരണമാണ്. ഇതിന് വോട്ടർമാർ മറുപടി നൽകുമെന്നും ഷാഫി പറഞ്ഞു.
Kerala
പാലക്കാട്: കോമാളി പ്രയോഗത്തിൽ തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. തോമസ് ഐസക് തന്നോട് ക്ഷാമാപണം നടത്തേണ്ടിയിരുന്നില്ല. അദ്ദേഹത്തിന്റെ പരാമർശം തനിക്ക് മനോവിഷമം ഉണ്ടാക്കിയിട്ടില്ല.
പലസ്തീൻ വിഷയത്തിൽ താൻ സംസാരിച്ചതിന്റെ ചെറിയ റീലുകളാണ് പ്രചരിപ്പിക്കുന്നത്. ചിലർ താൻ അര സംഘിയാണെന്നു പറഞ്ഞു. ഒരു സംഘിയെന്ന് പറഞ്ഞില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. മുകേഷിനുവേണ്ടിയും ഇന്നസെന്റിനുവേണ്ടിയും പ്രചാരണത്തിന് പോയിട്ടുണ്ട്.
അതെല്ലാം തപ്പി എടുക്കട്ടെ. ചെളിവാരി എറിയുന്ന രാഷ്ട്രീയത്തിൽ നിന്നും താൻ മാറി നിൽക്കുകയാണ്. തോമസ് ഐസകിനെ താൻ ഏറെ ബഹുമാനിക്കുന്നുണ്ട്. അതിനാൽ അദ്ദേഹം മാപ്പ് പറയേണ്ട കാര്യമില്ലെന്നും പിഷാരടി പറഞ്ഞു.
Movies
മറ്റ് സ്ഥാനാര്‍ഥികളേക്കാള്‍ കൂടുതല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ് രമേശ് പിഷാരടി എന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. താന്‍ നാളെ തന്നെ പാലക്കാട് പ്രചാരണത്തിനായി ഇറങ്ങുമെന്ന് ധര്മജന് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
നാളെ പാലക്കാട്ടേക്ക് പോകും. രമേഷ് പിഷാരടിക്ക് നല്ല വിജയസാധ്യതയുണ്ട്. മറ്റ് സ്ഥാനാര്‍ഥികളെക്കാളും നല്ല വിജയസാധ്യതയുള്ള ഒരാളാണ് പിഷാരടി. ബിജെപിക്ക് ഒക്കെ കുറച്ച് വോട്ട് ഒക്കെ ഉണ്ടാകും. പക്ഷെ നല്ല വിദ്യാഭ്യാസമുള്ള, നല്ല ദീര്‍ഘവീക്ഷണമുള്ള ഒരു ചെറുപ്പക്കാരനെയാണ് യുഡിഎഫ് നിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് വിജയസാധ്യത വളരെ കൂടുതലാണ്.
താരങ്ങളെയൊക്കെ പ്രചാരണത്തിന് അങ്ങനെ വിളിക്കുന്ന ആളൊന്നുമല്ല പിഷാരടി. എന്റെ പ്രചാരണത്തിന് വരണമെന്ന് പറഞ്ഞ് ആരെയും വിളിക്കില്ല. അങ്ങനെ ആരെയും വിളിക്കണമെന്നില്ല. സ്നേഹം കൊണ്ട് പലരും പ്രചാരണത്തിന് ഇറങ്ങും. എന്നെ വിളിച്ചിട്ടല്ല ഞാന്‍ പ്രചാരണത്തിന് പോകുന്നത്. അവനുമായുള്ള ബന്ധം വച്ചാണ് പോകുന്നത് എന്ന് ധര്മജന് പറഞ്ഞു.
രമേശ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകുമെന്ന് നടന് ആസിഫ് അലി പറഞ്ഞതിനെ കുറിച്ചും ധര്മജന് സംസാരിച്ചു. ആസിഫ് അവനുമായി അടുത്ത സൗഹൃദമുള്ള ഒരാളാണ്. ഒരു കമ്യൂണിസ്റ്റ് കുടുംബത്തില്‍ വളര്‍ന്ന ഒരാളാണ് ആസിഫ്. അവന്റെ നന്മയുള്ള മനസുവച്ച് പറഞ്ഞതാണ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് ചെല്ലുമെന്ന്.
ആട് 3യുടെ പ്രമോഷന് വര്‍ക്കുകള്‍ തീര്‍ത്ത് നാളെ പാലക്കാട് എത്തുമെന്നും ധര്മജന് വ്യക്തമാക്കി. പ്രമോഷന് വര്‍ക്കുകളുമായി ഇന്നലെ തൃശൂര്‍, കോഴിക്കോട് ഭാഗങ്ങളിൽ ആയിരുന്നു. ഇന്നും പ്രമോഷന് പരിപാടികളുണ്ട്. പ്രമോഷന് എത്തിയില്ലെങ്കില്‍ പരാതികള്‍ കൂടുതലാണ്. നാളെയും കൂടി പ്രമോഷന് ഉണ്ട്. അതു കഴിഞ്ഞ് പാലക്കാട് പോകുമെന്നും ധര്മജന് വ്യക്തമാക്കി.
Movies
നടനും പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയുമായ രമേഷ് പിഷാരടിക്കെതിരെ അഖിൽ മാരാർ രംഗത്ത്. രമേഷിന്റെ ആസ്തിയുമായി ബന്ധപ്പെട്ട ചർച്ചകൾ മുറുകുന്നതിനിടെയാണ് അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്ന് അഖിൽ പറയുന്നു.
‘‘പിഷാരടിയും അഖിൽ മാരാരും തമ്മിലുള്ള വ്യത്യാസം...
പിഷാരടി
1.നാളിത് വരെ ഒരു ജനകീയ വിഷയങ്ങളിലും നേരിട്ട് ഇടപെട്ടിട്ടില്ല..
2.ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചിട്ടില്ല..
3.പൊതു പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കേസുകളിൽ പോലും പ്രതിയായിട്ടില്ല.
4. സ്വന്തം കാര്യം നോക്കി കോടികൾ സമ്പാദിച്ചു ജീവിതവും കുടുംബവും സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് തന്നാൽ മത്സരിക്കാം ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന് പറഞ്ഞു വീണ്ടും അധികാരം കിട്ടാൻ സാധ്യത ഉള്ള ഒരു പാർട്ടിയിൽ എംഎൽഎ ആയി മാറി ഒരേ സമയം മമ്മൂക്കയുടെ താല്പര്യവും അതെ സമയം ആന്റോ ജോസഫിന്റെ താല്പര്യവും സംരക്ഷിച്ചു സിനിമ മേഖലയിൽ തുടർന്നും സജീവമായി പോകാൻ ഉള്ള ശ്രമം.. ലാഭം അല്ലാതെ പിഷാരടിക്ക് യാതൊരു നഷ്ടവും ഈ തീരുമാനം കൊണ്ട് വരുന്നില്ല.
അതെ സമയം സിപിഎമ്മിന് വിജയ സാധ്യത ഉള്ള ഒരു മണ്ഡലത്തിൽ മത്സരിച്ചു കോൺഗ്രസിന് ഒരു സീറ്റ് പിടിച്ചു കൊടുക്കാൻ ഇറങ്ങിയിരുന്നെങ്കിൽ എന്തെങ്കിലും ആത്മാർഥത ആ പാർട്ടിയോട് ഉണ്ടെന്ന് കരുതാം..
ഇതിപ്പോൾ കാശ് കൊടുത്തു എംഎൽഎ ആവാൻ പോയത് പോലെ ഉണ്ട്..ഷാഫി പറമ്പിൽ പിഷാരടിക്ക് വിറ്റ പാലക്കാട് സീറ്റ് തോൽക്കും എന്ന് തോന്നുമ്പോൾ സിപിഎം അവിടെ ബിജെപിയുമായി ഡീൽ വച്ചെന്ന് പറയാൻ നാണമില്ലേ എന്ന ചോദ്യം മാത്രം..
ഇനി അഖിൽ മാരാർ
2012 മുതൽ രാഷ്ട്രീയ രംഗത്ത് സജീവം. നിരവധി ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു നിരവധി സമരങ്ങൾ..അക്കാലത്തു മാത്രം 13 കേസുകൾ. സിപിഎം ആക്രമണത്തിൽ തല തകർപ്പെട്ട യൂത്ത് കോൺഗ്രസുകാരൻ. സ്വതന്ത്രൻ ആയി ഇടത് കോട്ടയിൽ മത്സരിച്ചു, 1500 വോട്ടുകൾ നേടി.
തുടർന്നും കൊട്ടാരക്കരയിൽ പ്രാദേശിക വിഷയങ്ങളിൽ സജീവ ഇടപെടൽ. സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസിലെ പ്രതി. രണ്ട് തവണ വധശ്രമത്തിന് ഇരയായ വാദി. സിനിമ എഴുതി സംവിധാനം ചെയ്തതും കേരള രാഷ്ട്രീയത്തെ തുറന്ന് കാട്ടുന്ന ശക്തമായി കമ്യുണിസ്റ്റ് പാർട്ടിയെ അധിക്ഷേപിക്കുന്ന ഒരു താത്വിക അവലോകനം’..
നിരവധി ചാനൽ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകൻ. ബിഗ് ബോസിൽ പോകും മുമ്പ് സമ്പാദ്യം ശൂന്യം. വീടില്ല, സ്വന്തമായി ആകെ ഉള്ളത് കൂട്ടുകാരൻ ലോണിട്ട് എടുത്തു കൊടുത്ത ഒരു വാഹനം മാത്രം.
ആത്മഹത്യയുടെ വക്കിൽ നിന്നും ഭാര്യയെയും 2 പെൺ കുഞ്ഞുങ്ങളെയും നോക്കാൻ ബിഗ് ബോസിൽ പോയത് ജയിക്കും എന്ന് കരുതിയല്ല, കിട്ടുന്ന ശബളം കടം തീർക്കാൻ എങ്കിലും ഗുണം ചെയ്യട്ടെ എന്ന് കരുതി മാത്രം. ജയിച്ചു വന്ന ശേഷവും ലാഭ നഷ്ടങ്ങൾ നോക്കി മിണ്ടാതെ ഇരുന്നില്ല.. നാടിനു വേണ്ടി സധൈര്യം സംസാരിച്ചു..
പിണറായി വിജയനെയും സർക്കാരിനെയും ശക്തമായ ഭാഷയിൽ എതിർത്തു. ജനകീയ സമരങ്ങളിൽ നേരിട്ട് പങ്കെടുത്തു..വീണ്ടും കേസുകളിൽ പ്രതിയായി..ഇനി മത്സരിക്കാൻ ആഗ്രഹിച്ചത് പോലും ജനങ്ങൾക്ക് വേണ്ടി ജീവിക്കാൻ ആണ്..തെരഞ്ഞെടുത്തത് ആരും ജയിക്കില്ല എന്ന് കരുതിയ തൃക്കാക്കര..34 വയസ് വരെ ഒന്നുമില്ലാത്തവൻ കഴിഞ്ഞ 3 വർഷം കൊണ്ട് ഒരു വീടും, കാറും ഒക്കെ വാങ്ങി..അതൊക്കെ നഷ്ടപ്പെട്ടാലും എനിക്ക് ഒരു വിഷമവുമില്ല.
തോൽക്കും എന്ന് നിങ്ങൾ പറയുന്ന ഒരു മണ്ഡലത്തിൽ ഞാൻ ഇറങ്ങുമ്പോൾ എനിക്ക് ലാഭമോ, നഷ്ടമൊ..? ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാൻ ആണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ആ പിഷാരടിയെ ഞാനുമായി താരതമ്യം ചെയ്യരുത്.
കഴിഞ്ഞ 10 വർഷം പിണറായി വിജയന്റെ പോലീസിന്റെ അടി കൊണ്ട കോൺഗ്രസുകാർ പിഷാരടിക്കു വേണ്ടി കഷ്ട്ടപെടുന്നത് കാണുമ്പോൾ ഇത്ര നാളും മറ്റുള്ളവരെ ചിരിപ്പിച്ച പിഷാരടി ഉള്ളിൽ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നുണ്ടാവും ‘മണ്ടന്മാർ’. ബിഗ് ബോസിലെ 100 ദിവസത്തെ മാരാരെക്കാൾ എത്രയോ പവർ ഫുൾ ആണ് ജനങ്ങൾക്കിടയിൽ ജീവിച്ച ജനങ്ങളെ അറിഞ്ഞ അഖിൽ.’
നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരം പുറത്തുവന്നതിന് പിന്നാലെയാണ് രമേഷിനെതിരെയുള്ള വിമർശനം.
രമേഷ് പിഷാരടിയുടെ കൈവശം 25 ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവുമുണ്ട്. 97 ലക്ഷം രൂപ വില വരുന്ന പാർപ്പിട ഭൂമിയും സ്വന്തമായുണ്ട്. ഭാര്യ സൗമ്യ രമേഷിന് 85.61 ലക്ഷം രൂപ മൂല്യമുള്ള സ്വത്തും 50 പവൻ സ്വർണവുമുണ്ട്. ഭവന വായ്പയും മറ്റുമായി പിഷാരടിക്ക് 1.67 കോടി രൂപയുടെ ബാധ്യതയുണ്ട്. ഭാര്യയ്ക്ക് 2.49 ലക്ഷത്തിന്റെ ബാധ്യതകളുമുണ്ട്. ഇതാണ് താരത്തിന്റെ ആസ്തി.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് വിജയിക്കുമെന്നുറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തിരിച്ചടിയാകില്ലെന്നും പിഷാരടി പറഞ്ഞു.
പാലക്കാട് ബിജെപി-സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണ്. പാലക്കാട് മാത്രമല്ല പലയിടത്തും ഈ കൂട്ടുകെട്ട് പ്രകടമാണെന്ന് പിഷാരടി പ്രതികരിച്ചു. അവർ ഒരുമിച്ച് നിന്നാലും യുഡിഎഫ് തന്നെ പാലക്കാടും സംസ്ഥാനത്തും വിജയിക്കുമെന്നും പിഷാരടി അവകാശപ്പെട്ടു.
സിനിമാസുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ല. അവരെ സൈബർ അക്രമണത്തിന് എറിഞ്ഞ് കൊടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പിഷാരടി കൂട്ടിച്ചേർത്തു. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചിരുന്നു.
Kerala
കൊച്ചി: രമേശ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകുമെന്ന് നടന് ആസിഫ് അലി. പിഷാരടിയുടെ സ്ഥാനാര്‍ഥിത്വം വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി നിരവധി പേര് തന്നെ വിളിക്കുന്നുണ്ടെന്നും ആസിഫ് അലി കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഈദ് ഗാഹില്‍ പങ്കെടുത്ത ശേഷം നടന് മാധ്യമങ്ങളോട് പ്രതികരിച്ചു.
പിഷാരടിയെ ഒരുപാട് നാളായിട്ട് അറിയാം. വളരെ നന്നായി സംസാരിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്റ്റാന്‍ഡിനെ കുറിച്ചും നന്നായിട്ട് അറിയാം. പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകും. പിഷാരടിയുടെ സ്ഥാനാര്‍ഥിത്വം വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. വളരെ സീരിയസ് ആയ, വളരെ പക്വതയോടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് പിഷാരടി ഉന്നം വയ്ക്കുന്നതെന്ന് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒത്തിരി പേര് വിളിക്കുന്നുണ്ട്. ഒത്തിരി പ്രിയപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. വളരെ ആകാംക്ഷ തരുന്നൊരു തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്റെ സഹപ്രവര്‍ത്തകര്‍ ആയതിനാല്‍ എല്ലാവരുടെയും കൂടെ പ്രചാരണത്തിന് നില്‍ക്കണമെന്നുണ്ട്. രാഷ്ട്രീയത്തേക്കാള്‍ ഉപരി ആളുകളുടെ സ്വഭാവം നോക്കിയാണ് ഇത്രയും നാളും പിന്തുണയ്ക്കാനും പ്രചാരണത്തിനും പോയത്.
എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ആളുകള്‍ക്കായി പ്രചാരണത്തിന് പോകണമെന്നാണ് ആഗ്രഹമെന്നും ആസിഫ് അലി പറഞ്ഞു. എറണാകുളത്ത് ഷൂട്ടിംഗ് നടക്കുന്നതിനാലാണ് ആസിഫ് അലി ഇത്തവണ കൊച്ചിയില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളാതെ സിനിമാ-ടെലിവിഷൻ താരം രമേഷ് പിഷാരടി. പാലക്കാട്ട് മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും സീറ്റില്ലെങ്കിൽ യാതൊരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പിഷാരടി.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും ഉപതെരഞ്ഞെടുപ്പ് സമയങ്ങളിലും ഒക്കെ തന്റെ പേര് സ്ഥാനാർഥി പട്ടികയിൽ ഉയർന്നു കേട്ടിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാതെ തുടരുന്ന സമയത്തും താനൊരു കോൺഗ്രസുകാരനാണെന്ന് തുറന്നുപറഞ്ഞതിലുള്ള സ്നേഹപ്രകടനമായിരിക്കും അത്.
ഇതുവരെ മത്സരിക്കണമെന്ന് നേതൃത്വം തന്നോട് ആവശ്യപ്പെട്ടില്ല. താൻ ഇക്കാര്യത്തിൽ നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുമില്ല. മത്സരിക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചാൽ അനുസരിക്കുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
പാലക്കാട്ട് രമേഷ് പിഷാരടിയുടെ പേരിനാണ് പ്രഥമ പരിഗണനയെന്നും സ്ക്രീനിംഗ് കമ്മിറ്റിക്ക് നൽകിയ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയെന്നും വാർത്തകളുണ്ടായിരുന്നു. സ്ഥാനാർഥിത്വം ലഭിച്ചാൽ മത്സരിക്കുമെന്ന പിഷാരടിയുടെ പ്രതികരണം കൂടി വന്നതോടെ പാലക്കാട്ട് അദ്ദേഹം സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതോടെയാണ് പാലക്കാട്ട് കോൺഗ്രസ് പുതിയ ആളെ തേടുന്നത്. കെ. മുരളീധരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ എന്നിവരുടെ പേരുകളൊക്കെ ആദ്യഘട്ടത്തിൽ ഉയർന്നെങ്കിലും ഒടുവിൽ പിഷാരടിയുടെ പേരിലാണ് പാർട്ടി എത്തി നിൽക്കുന്നത്.
Kerala
പാലക്കാട് : നടൻ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി.
കെ. മുരളീധരന് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ സ്വീകാര്യത വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ജയസാധ്യത പരിഗണിച്ച് സിറ്റിംഗ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാലക്കാട്ടെ സിറ്റിംഗ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ യുഡിഎഫ് ജയം ആവര്‍ത്തിക്കാന്‍ നേതൃത്വം കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടിയത്.
Kerala
കോട്ടയം: ആര് ഭരിച്ചാലും താൻ കോൺഗ്രസുകാരൻ തന്നെയായിരിക്കുമെന്ന് നടൻ രമേഷ് പിഷാരടി. കോട്ടയത്ത് നടക്കുന്ന സംസ്കാരസാഹിതി ഉത്സവ് 2026 ഭാഗമായി സംഘടിപ്പിച്ച സിനിമ, രാഷ്ട്രീയം, സമൂഹം എന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ കാഴ്ചപ്പാടും വിശാലമായ ജനാധിപത്യവുമാണ് തന്നെ കോൺഗ്രസുകാരനാകാൻ പ്രേരിപ്പിച്ചത്. ലോകത്ത് തിരസ്കരിക്കപ്പെട്ട പ്രത്യയശാസ്ത്രമാണ് കമ്യൂണിസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചലച്ചിത്ര സംവിധായകൻ ജോസ് തോമസ് മോഡറേറ്ററായിരുന്നു.
സംവിധായകൻ ജോഷി മാത്യു, കോട്ടയം രമേശ്, എൻ.വി.പ്രദീപ്കുമാർ, ചലച്ചിത്ര താരം രവീന്ദ്രൻ, ജയേഷ് തമ്പാൻ, തോമസ് പാലത്തറ എന്നിവർ സംബന്ധിച്ചു. നാടകമേളയിൽ സത്യൻ സ്മാരക വായനശാലയുടെ സ്വപ്നവേട്ട, തിരുവനന്തപുരം നാടകകരയുടെ കൃഷ്ണ നീ എന്നെ അറിയില്ലേ, ന്യൂ ക്രിയേഷൻ മീഡിയയുടെ കുടുംബയോഗം എന്നീ നാടകങ്ങൾ അവതരിപ്പിച്ചു.
Kerala
കടുത്തുരുത്തി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വേട്ടയാടപ്പെട്ടിട്ടുണ്ടെങ്കില് അദ്ദേഹം അത് തെളിയിക്കട്ടെയെന്നും ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തനിക്ക് തോന്നിയിട്ടില്ലെന്നും അല്ലാതെ അത് തെളിയിക്കാന്‍ തന്റെ കൈയില്‍ തെളിവുകളൊന്നുമില്ലെന്നും രമേഷ് പിഷാരടി.
കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിര്‍ സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ചിലപ്പോഴൊക്കെ എല്ലാവര്ക്കും സ്വാഗതാര്‍ഹമായ, ഏല്ലാവരും അംഗീകരിക്കുന്ന വിധികള്‍ ഉണ്ടാകാറില്ലെന്നും പിഷാരടി പറഞ്ഞു.
മുളക്കുളം പഞ്ചായത്തിലെ 18-ാം വാര്‍ഡിലാണ് പിഷാരടിയും ഭാര്യ സൗമ്യയും മകനൊപ്പം വോട്ട് ചെയ്യാനെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ സുബിന് മാത്യുവും സുരേഷ് വട്ടക്കാടനും ഒപ്പമുണ്ടായിരുന്നു.